VISIT NEW RESOURCE BLOG REFORM -www.dietkannurresources.blogspot.in..................ഈ വര്‍ഷത്തെ LSS-USS പരീക്ഷ 2017 March 4-ന് നടക്കും....LSS-USS MODEL EXAMINATION BY DIET KANNUR ON 1-3-2017.....QUESTION PAPERS CAN BE DOWNLOADED FROM BRC BLOG , AEO BLOG & DIET RESOURCE BLOG(www.dietkannurresources.blospot.com-OTHER RESOURCES)....

2016, ജൂലൈ 1, വെള്ളിയാഴ്‌ച

വായനോത്സവം 2016


പുസ്തകപരിചയം
കൊഴിഞ്ഞ ഇലകള്‍
പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി
(ആത്മകഥ)
കറന്‍റ് ബുക്സ് തൃശൂര്‍

തയ്യാറാക്കിയത് :
പി.യു രമേശന്‍ സീനിയര്‍ ലക്ചറര്‍
ഡയറ്റ് കണ്ണൂര്‍ 
      പണ്ഡിതന്‍, വാഗ്മി, പത്രാധിപര്‍, ഗ്രന്ഥകര്‍ത്താവ്, അധ്യാപകന്‍, ഭരണകര്‍ത്താവ് എന്നീനിലകളില്‍ അരനൂറ്റാണ്ടുകാലം കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ജീവിതത്തില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി. 1903 ജൂലായ് 17 ന് തൃശൂര്‍ കണ്ടശ്ശാംകടവില്‍ ജനിച്ചു. 1977ഒക്ടോബര്‍ 25ന് അന്തരിച്ചു.
അദ്ദേഹത്തിന്റെ ആത്മകഥയായ കൊഴിഞ്ഞ ഇലകള്‍ ഒന്നാംഭാഗം 1960ലും, രണ്ടാംഭാഗം 1965 ലും മൂന്നാംഭാഗം 1976ലും പ്രസിദ്ധീകരിച്ചു. മൂന്ന് ഭാഗങ്ങളും ചേര്‍ത്ത് 1978 ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ഇത്. 375 പേജുകളിലായി എണ്‍പത്തിരണ്ട് അധ്യായങ്ങളാണ് ഈ കൃതിയിലുള്ളത്.
മുണ്ടശ്ശേരിമാസ്റ്ററുടെ സ്ക്കൂള്‍ ജീവിതകാലം മുതല്‍ കൊച്ചിന്‍ സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സലര്‍ പദവിയില്‍ നിന്ന് വിരമിക്കുന്നതുവരെയുള്ള സംഭവ ബഹുലമായ ജീവിതമാണ് ഈ കൃതിയില്‍ വിവരിക്കുന്നതെങ്കിലും, അതിലുപരി അക്കാലത്തെ കേരളത്തിലെ സാമൂഹ്യ, സാസ്ക്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗം വായനക്കാരില്‍ എത്തിക്കാനാണ് മാസ്റ്റര്‍ ശ്രമിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ ഒന്നാംഭാഗത്തിന്റെ ആമുഖത്തില്‍ മാസ്റ്റര്‍ സൂചിപ്പിച്ചതു പോലെ "ഇതൊരു ആത്മകഥയാണോ" എന്ന് വായനക്കാര്‍ക്ക് തോന്നിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.

സ്വന്തം ജീവിതകഥയിലൂടെ ആ കാലഘട്ടത്തിലെ സാമൂഹ്യ, സാസ്ക്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗങ്ങളില്‍ അക്കാലത്ത് എന്തെന്തു സംഭവങ്ങള്‍/ മാറ്റങ്ങള്‍ ഉണ്ടായി എന്നും അപ്പോഴൊക്കെ താന്‍ എവിടെയായിരുന്നു എന്നുമാണ് മാസ്റ്റര്‍ ഈ കൃതിയിലൂടെ അവതരിപ്പിക്കുന്നത്.
കേരളത്തിലെ വിദ്യാഭ്യാസമേഖല ഇന്നും ചര്‍ച്ച ചെയ്യുന്ന പല വിഷയങ്ങളും വളരെ മന്‍പുതന്നെ കേരളസമൂഹം ചര്‍ച്ച ചെയ്തതാണെന്ന തിരിച്ചറിവ് ഈപുസ്തക വായനയിലൂടെ നമുക്ക് ലഭിക്കുന്നു. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ

  • "പ്രാഥമിക വിദ്യാഭ്യാസം തികച്ചും സ്റ്റേറ്റുടമയിലായിരിക്കണമെന്നും അതു സംസ്ഥാനത്തു മുഴുവന്‍ സൗജന്യവും നിര്‍ബ്ബന്ധവുമാക്കണമെന്നുമുള്ള അഭിപ്രായക്കാരനായിരുന്നു സര്‍. സി. പി. അതിന്നദ്ദേഹം ഒരു പദ്ധതി തയ്യാറാക്കി, നിയമ പ്രാബല്യത്തോടുകൂടി അതങ്ങു പ്രാവര്‍ത്തികമാ ക്കാനൊരുങ്ങി. പ്രൈവറ്റുടമയിലുണ്ടായിരുന്ന പ്രൈമറി സ്ക്കൂളുകള്‍ ഒരു പരിപാടി വെച്ചേറ്റെടുക്കാനായിരുന്നു പ്ലാന്‍ …................”. പേജ് -148
  • "നിയമസഭയില്‍ ഒരു ബില്ലവതരിപ്പിച്ചു പാസ്സാക്കുന്നവിധത്തിലായിരുന്നു ആ കോണ്‍ഫ്രന്‍സിലെ നടപടി. ഗ്രേഡ്, ഇംക്രിമെന്റ്,സര്‍വ്വീസ്, ലീവ് എന്നിങ്ങനെ എല്ലാറ്റിന്നും വ്യവസ്ഥകളുണ്ടായിരുന്നു പദ്ധതിയില്‍. ഫീസിന്റെ 80%ഖജനാവിലടച്ചാല്‍ ഓരോ സ്ക്കൂളിലെയും അധ്യാപകന്മാര്‍ക്കുളള ശമ്പളം മുഴുവന്‍ ഡിപ്പാര്‍ട്ടുമെന്റില്‍നിന്നു കൊടുക്കാന്‍ ഗവണ്‍മെന്റ് സമ്മതിച്ചിരുന്നു. ബാക്കി 20%ഫീസ് സ്കൂള്‍ നടത്തിപ്പിനു വിട്ടുകൊടുക്കുകയാണുണ്ടായത്. അധ്യാപകനാവാനര്‍ഹതയുളളവരുടെ ഒരു ലിസ്റ്റ് കൊല്ലം തോറും കാലേക്കൂട്ടി ഗസറ്റില്‍ പ്രസിദ്ധീകരിക്കാമെന്നും ആ ലിസ്റ്റില്‍ നിന്നു വേണം അധ്യാപകരെ നിയമിക്കാനെന്നും ഗവണ്‍മെന്റ് ഭാഗത്തുനിന്നുന്നയിച്ച നിര്‍ദ്ദേശത്തിനും കോണ്‍ഫറന്‍സിന്റെ അംഗീകാരംകൈവരികയുണ്ടായി...........എന്തിനേറെപറയുന്നു-ഏതാനുമാഴ്ചകള്‍ക്കുളളില്‍ മലപോലെവന്ന ആ പദ്ധതി മലര്‍ പോലെ പോയി.” പേജ് -178

 • "ഈ പ്രകൃതത്തില്‍ വിട്ടുകളയാന്‍ തോന്നാത്ത മറ്റൊരു വിഷയം,പ്രൈമറി ക്ലാസുകളിലെ ഭാഷാധ്യാപകന്മാരുടെതാണ്. നമ്മുടെ നാട്ടില്‍ മീഡില്‍ സ്ക്കൂളവസാനിക്കും വരെ ഓരോ ക്ലാസിലും ഏതാണ്ടെല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നത് പ്രൈമറിക്ലാസികളിലെ ഭാഷാധ്യാപകന്മാരുടെതാണ്. നമ്മുടെ നാട്ടില്‍ മിഡില്‍ സ്ക്കൂളവസാനിക്കും വരെ ഓരോ ക്ലാസിലും ഏതാണ്ടെല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നത് എസ് എസ് എല്‍ സി പാസായി ട്രെയിനിംഗ് കഴിഞ്ഞിട്ടുളള ക്ലാസ് ടീച്ചര്‍മാരാണ്. ഒരു വിദേശഭാഷയായ ഇംഗ്ലീഷും അവരാണ് അവരാണ് പഠിപ്പിക്കുക. എന്നാല്‍ മാതൃഭാഷയായ മലയാളം പഠിപ്പിക്കാന്‍ പ്രത്യേകിച്ചൊരുതരം അധ്യാപകന്മാരെ നിയമിക്കുന്ന സമ്പ്രദായം തിരു-കൊച്ചി ഭാഗത്തേതാനും കൊല്ലമായേര്‍പ്പെട്ടുപോന്നു. എറ്റവും പരിഷ്കൃതങ്ങളായ രാജ്യങ്ങളില്‍പ്പോലും കാണാത്തതാണ് ഈ സമ്പ്രദായം.........മിഡില്‍ സ്ക്കൂളുകളിലേയും ഹൈസ്കൂളുകളിലെയും ഭാഷാധ്യാപനത്തില്‍ കാണായ ഈ പന്തികേടുകളെ അവധാനപൂര്‍വ്വം പരിശോധിച്ച ഞാന്‍ പുതിയൊരു നയം നടപ്പാക്കാനൊരുങ്ങി. അതിന്റെ വിശദാംശങ്ങള്‍ താഴെ പറയും പോലെയാണ്:

1. മിഡില്‍ സ്ക്കൂളവസാനിക്കുവോളം മാതൃഭാഷാധ്യാപനം ക്ലാസ് ടീച്ചര്‍മാര്‍ തന്നെ നിര്‍വ്വഹിക്കണം.

2. മിഡില്‍ സ്ക്കൂളുകളില്‍ ഭാഷാധ്യാപകരായിക്കയറിയിട്ടുളള പൌരസ്ത്യഭാഷാബിരുദധാരികളെ ഒന്നുകില്‍ ട്രേനിങ്ങ് കഴിപ്പിച്ചു ക്ലാസ് ടീച്ചര്‍മാരായി മാറ്റണം ; അല്ലെങ്കില്‍ ഹൈസ്കൂള്‍ നിലവാരത്തില്‍ അധ്യാപകാനുതകുന്ന മറ്റൊരുതരം ട്രേനിങ്ങിനു ശേഷം സര്‍വ്വീസനുസരിച്ചു ഹൈസ്കൂള്‍ ഭാഷാധ്യാപന്മാരായി പ്രൊമോട്ടു ചെയ്യണം.

3. മേലില്‍ ഹൈസ്ക്കൂളുകളില്‍ ഭാഷാധ്യാപകരെ നിയമിക്കുമ്പോള്‍ മലയാളം ബി.എ കാര്‍ക്ക് നല്‍കണം.

4. ഹൈസ്ക്കൂളുകളില്‍ ഭാഷാധ്യാപകരായി സേവനമനുഷ്ഠിക്കുന്ന പൌരസ്ത്യ ഭാഷാബിരുദധാരികള്‍ക്ക് , അവര്‍ക്കായി പ്രത്യേകിച്ചേര്‍പ്പെടുത്തിയിട്ടുളള ട്രേനിങ്ങ് കഴിഞ്ഞാല്‍ മാത്രമേ ഗ്രാഡുവേറ്റധ്യാപകരോടൊപ്പം പ്രൊമോഷന്‍ കൊടുക്കാവൂ.
5. ഒരു കാലാവധി വെച്ചു വിദ്വത്പരീക്ഷയും മറ്റും നിറുത്തിക്കളയാന്‍ കലാശാലാനിലവാരത്തില്‍ തീരുമാനിക്കുകയും അതിനിടയ്ക്കു പാസായി വരുന്ന പൌരസ്ത്യഭാഷാബിരുദധാരികള്‍ക്കു യുക്തമായ ജോലി കൊടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവുകയും വേണം.” (പേജ് 296,297)

  • കേന്ദ്രസര്‍ക്കാറിന്റെ പരിപാടിയനുസരിച്ച് കേരളക്കരയില്‍ ജില്ല തോറും ഏതാനും ഹൈസ്ക്കൂളുകള്‍ വീതം ഹയര്‍ സെക്കണ്ടറിസ്ക്കൂളുകളാക്കി മാറ്റി പ്രവര്‍ത്തനമാരംഭിക്കാന്‍ ആവശ്യമായ ചട്ടംകെട്ടുകള്‍ ഉടനെ ചെയ്തു.
   ......................പിന്നത്തെ ഭരണകര്‍ത്താക്കന്‍മാര്‍ ഹയര്‍സെക്കണ്ടറി
   സ്ക്കൂള്‍ സ്കീമില്‍ നിന്ന് പ്രത്യാനീതബുദ്ധികളായി. ആ തര്‍ക്കത്തെ ഉപ യോഗപ്പെടുത്തിയാണ് …..............ഹയര്‍ സെക്കണ്ടറിക്കു പകരം രണ്ടു കൊല്ലത്തേക്കുള്ള പ്രീഡിഗ്രികോഴ്സാസൂത്രണം ചെയ്ത് ഇന്ത്യയില്‍ മറ്റെങ്ങു മില്ലാത്ത ജൂനിയര്‍ കോളേജുകള്‍ ഇവിടെ പടച്ചുവെച്ചത്.”പേജ് -298‌

കേരളത്തിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ ഉണ്ടായ മാറ്റങ്ങളെ ഗൌരവ ബുദ്ധിയോടെ പരിശോധിക്കുന്ന ആര്‍ക്കും ഏറ്റവും ഉപകാരപ്പെടുന്ന ഒരു ആത്മകഥയാണ് കൊഴിഞ്ഞ ഇലകള്‍.


   

1 അഭിപ്രായം: