VISIT NEW RESOURCE BLOG REFORM www.dietkannurresources.blogspot.in

2016, ജൂൺ 29, ബുധനാഴ്‌ച

വായനോത്സവം 2016



വിദ്യാലയങ്ങള്‍ക്കുള്ള കത്തുകള്‍(Letters to the Schools)
ജെ.കൃഷ്ണമൂര്‍ത്തി
കൃഷ്ണമൂര്‍ത്തി ഫൗണ്ടേഷന്‍ ഇന്ത്യ
  
(തയ്യാറാക്കിയത് പ്രദീപ് കുമാര്‍. പി., ലക്ചറര്‍, ഡയറ്റ് കണ്ണൂര്‍)

ഇരുപതാം നൂറ്റാണ്ടില്‍ ഈ ഭൂമിയില്‍ ജീവിച്ച് കടന്നുപോയ മഹാവ്യക്തിത്വമായിരുന്നു ജിദ്ദു കൃഷ്ണമൂര്‍ത്തി. ഒരു സുഹൃത്തിനോടെന്നപോലെ നിങ്ങള്‍ക്കദ്ദേഹത്തോട് സംവദിക്കാം. ജെ.എന്നും, ജെ.കെ.എന്നും, ജിദ്ദുവെന്നും അദ്ദേഹത്തെ വിളിക്കാം. 1979സെപ്തംബര്‍ മുതല്‍ 1980 മാര്‍ച്ച് വരെ ഇന്ത്യയിലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൃഷ്ണമൂര്‍ത്തി ഫൗണ്ടേഷന്റെ സ്കൂളുകളിലേക്ക് അദ്ദേഹമെഴുതിയ കത്തുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

സ്കൂളില്‍നിന്നും ഓരോ കുട്ടിക്കും പഠനത്തിലൂടെ ലഭിക്കേണ്ടതെന്തായിരിക്കണമെന്ന് നമുക്ക് ഈ പുസ്തകത്തിലൂടെ വായിച്ചെടുക്കാനാവും. ജിദ്ദുവിന്റെ അഭിപ്രായത്തില്‍ വിദ്യാഭ്യാസത്തിലൂടെ ഓരോ കുട്ടിക്കും സ്വയം തിരച്ചറിയാനും, തന്നെ സമഗ്രമായി രൂപപ്പെടുത്താനും കഴിയണം. വിദ്യാര്‍ഥിയേയും അധ്യാപകനേയും ഒരേ സമയം സ്വാഭാവികതയില്‍ വിടരാന്‍ സഹായിക്കുന്നതും നവീകരിക്കുന്നതുമായ ഇടമായിരിക്കണം വിദ്യാലയങ്ങള്‍. നിലവിലെ വിദ്യാഭ്യാസം പരീക്ഷകള്‍ പാസാകുന്നതിനും ബിരുദങ്ങള്‍ നേടുന്നതിനും തുടര്‍ന്നുള്ള ധനസമ്പാദനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. സാമ്പ്രദായിക പഠനം ആശയങ്ങളും വസ്തുതകളും വിവരങ്ങളും ഓര്‍മ്മകളില്‍ നിറക്കുന്നതാണ്. അവ ജ്ഞാനാര്‍ജനത്തിനുമാത്രമുള്ളതായിരിക്കുകയും നമ്മെ കൂടുതല്‍ കൂടുതല്‍ യാന്ത്രികമാക്കുകയും ചെയ്തിരിക്കുന്നു. മസ്തിഷ്കം ഇത്തരത്തിലുള്ള അറിവില്‍നിന്ന് മോചനം നേടുന്നേയില്ല. ഈ അറിവുകള്‍ നമുക്ക് സുരക്ഷിതത്വം നല്‍കുന്നുവെന്ന് തോന്നാം. ധാരാളം പണം,ഉന്നത ബിരുദങ്ങള്‍,പദവികള്‍,അധികാരങ്ങള്‍ ബംഗ്ലാവുകള്‍ എന്നിവ ഉണ്ടായിട്ടും ഒന്നും നേടിയില്ലെന്ന തോന്നല്‍,മനോവിഷമങ്ങള്‍,സംഘര്‍ഷങ്ങള്‍ എന്നിവ സാധാരണമാണ്. അറിവിന്റെ നിറകുടങ്ങള്‍ നമ്മുടെ മനസ്സിനെ ഇടുങ്ങിയതും പരിമിതവും അപൂര്‍ണവുമാക്കിമാറ്റുന്നു. ഇവ നൈസര്‍ഗികമായ ജീവിതത്തെ നിഷേധിക്കലാണെന്ന് ജിദ്ദു.

ആധുനിക സമുഹം അത്യാഗ്രഹവും അസൂയയും അധികാരങ്ങളും അടിസ്ഥാനമാക്കിയുള്ളവയാണ്. വിഭജനം എവിടെയുണ്ടോ അവിടെ അവ്യവസ്ഥയുണ്ട്, സംഘര്‍ഷമുണ്ട്,കലഹങ്ങളുണ്ട്. ഇതില്‍ മാറ്റം വിദ്യാഭ്യാസത്തിലൂടെ സാധ്യമാവണം. വിദ്യാഭ്യാസം എന്നത് വ്യത്യസ്ത വിഷയങ്ങള്‍ പഠിപ്പിക്കുന്നതല്ല. വിദ്യാര്‍ഥികളില്‍ ഉത്തരവാദിത്തം ഉണ്ടാക്കലാണ്. പഠനത്തിന്റെ കല പഠിക്കേണ്ടകേന്ദ്രങ്ങളായിരിക്കണം വിദ്യാലയങ്ങള്‍.
തെളിവാര്‍ന്ന നിരീക്ഷണത്തിലൂടെയാണ് പഠനം നടക്കുന്നതെന്ന് കൃഷ്ണമൂര്‍ത്തി പറയുന്നു. നിരീക്ഷണത്തിന് പരിപൂര്‍ണ ശ്രദ്ധ ആവശ്യമാണ്. അത് ഓര്‍മ്മകളുടെ അതിര്‍ വരമ്പുകളില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. ഇന്ദ്രിയങ്ങളെ സജീവമാക്കി നിര്‍ത്തുമ്പോഴാണ് നിരീക്ഷണം സാധ്യമാവുക. മുന്‍ധാരണകളുടെ കെട്ടുപാടുകളില്ലായെയുള്ള നീരീക്ഷണം സാധ്യമാവേണ്ടതുണ്ട്. പ്രകൃതിയെ അതിന്റെ മുഴുവന്‍ സത്തയില്‍ കാണാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയേണ്ടതുണ്ട്. മഴയുടെ സൗന്ദര്യം,പ്രഭാതത്തിന്റെ ഊഷ്മളത, സന്ധ്യയുടെ നിറച്ചാര്‍ത്ത്, കിളികള്‍ ചിലയ്ക്കുന്നത്, ഇലകളില്‍ വീണുകിടക്കുന്ന മഞ്ഞുതുള്ളികളുടെ തിളക്കം, എന്നിവയൊന്നും നാം അറിയുന്നേയില്ല. പ്രകൃതിയുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ദ്രിയങ്ങളെ അതിന്റെ പരിപൂര്‍ണതയില്‍ സംവേദനക്ഷമമാക്കുകയാണ് ഏതൊരു പരീക്ഷ പാസാവുന്നതിനോക്കാളും ഉത്തമം.

ഭയമില്ലാത്ത അന്തരീക്ഷത്തിലേ പഠനം നടക്കുകയുള്ളൂ. ഒരുതരത്തിലുമുള്ള സമ്മര്‍ദ്ധവുമില്ലാത്ത ഇടമാവണം ഓരോ വിദ്യാലയവും. പ്രേരണയോ നിര്‍ബന്ധമോ സമ്മാനങ്ങളോ ഇല്ലാതെ പഠനത്തില്‍ മുഴുകാന്‍ കുട്ടിക്ക് കഴിയണം. എന്തു ചിന്തിക്കുന്നു എന്നല്ല എങ്ങനെ ചിന്തിക്കുന്നു എന്നതിനായിരിക്കണം പഠനത്തില്‍ പ്രാധാന്യം ലഭിക്കേണ്ടത്. അധ്യാപകര്‍ക്ക് കുട്ടികളുടെ മനസ്സിനെ യാന്ത്രികതയില്‍നിന്നും മോചിപ്പിക്കാന്‍ കഴിയണം. എങ്കില്‍മാത്രമേ നന്‍മയുടെ പൂവുകള്‍ വിടരുകയുള്ളൂ. തെളിഞ്ഞ അവബോധമുള്ള യാതൊരുവിധ വൈരുദ്ധ്യങ്ങളുമില്ലാത്ത പൂര്‍ണമായ അനുരണനമായിരിക്കും അതിന്റെ ഫലം.

ഓരോ മനുഷ്യനിലും നന്‍മകള്‍ വിരിയുന്നത് പരിപൂര്‍ണ സ്വാതന്ത്ര്യമുള്ളപ്പോഴാണെന്ന് ജിദ്ദു പറയുന്നു. അതുകൊണ്ട് അദ്ദേഹം പഠനത്തില്‍ സ്വാതന്ത്ര്യത്തിന് പ്രധാന്യം നല്‍കുന്നു. ഭയത്തില്‍നിന്ന്, മാനസികമായ അടിമത്തത്തില്‍നിന്ന്, സംഘര്‍ഷങ്ങളില്‍നിന്ന്,അധികാരപ്രയോഗങ്ങളില്‍നിന്നുമുള്ള സ്വാതന്ത്ര്യമായിരിക്കണം ഓരോ കുട്ടിക്കും ലഭിക്കേണ്ടത്. ജോലിക്കുവേണ്ടി ഒരുക്കിയെടുക്കല്‍ മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെങ്കില്‍ ഓരോ കുട്ടിയും സ്വതന്ത്രമായി വിടരാതെ കൊഴി‍ഞ്ഞുപോകുന്നു.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ