VISIT NEW RESOURCE BLOG REFORM www.dietkannurresources.blogspot.in

2016, ജൂൺ 28, ചൊവ്വാഴ്ച

വായനോത്സവം 2016


BOOK REVIEW

How to fall in love with English

V.SUKUMARAN 


പ്രൊഫ. വി. സുകുമാരന്‍

(യ്യാറാക്കിയത് : കെ.എം. സോമരാജന്‍, സീനിയര്‍ ലക്ചറര്‍, ഡയറ്റ് )

  ശക്തനെ കീഴ്പ്പെടുത്താനെന്താണു മാര്‍ഗ്ഗം? മത്സരിച്ചാല്‍ മറികടക്കാന്‍ ഒക്കില്ലെന്നറിയുമെങ്കില്‍ പിന്നെ എന്തു ചെയ്യും? ഇഷ്ടം കൂടുകയാണു ലളിതമായ പരിഹാരം. കീറാമുട്ടിയായി, വഴിമുടക്കിയായി നില്‍ക്കുന്ന വിഷയഭീകരനാണു പലര്‍ക്കും ഇംഗ്ലീഷ് . ഈ ആംഗല ഭീകരനെ വെറുതെ വിടാന്‍ പറ്റില്ല താനും. വശപ്പെടുത്താനെന്താണു വഴി. ആംഗല പ്രണയിയായ വി.സുകുമാരന്‍ ഒരു എളുപ്പവഴി തുറക്കുകയാണ് ' How to fall in love with English ' എന്ന തന്റെ ഗ്രന്ഥത്തിലൂടെ . ആംഗല ഗ്രന്ഥ നാമത്തിനകത്ത് ഇംഗ്ലീഷിനെ ഇഷ്ടപ്പെടുത്താനുളള ഇന്ദ്രജാലങ്ങള്‍ ലളിത മലയാളത്തില്‍ പീലി വിടര്‍ത്തുന്നു.

     നാലു പതിറ്റാണ്ടുകാലം ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പഠിപ്പിച്ചതിന്റെ തഴക്കവും പഴക്കവും അതീവ ഹൃദ്യമായി ഇംഗ്ലീഷിനെ സമീപിക്കുവാനും അവതരിപ്പിക്കുവാനും അദ്ദേഹത്തെ പ്രാപ്തനാക്കി-ആംഗലവാണിയുടെ ആനച്ചന്തത്തെക്കുറിച്ചും തന്നിഷ്ടത്തെ കുറിച്ചും വേഷഭൂഷകളെ കുറിച്ചും എന്തു കണ്ടാലും സങ്കോചലേശമെന്യേ ഹാന്‍ഡ് ബാഗിലെടുത്തിടുന്ന ശീലത്തെ കുറിച്ചും വായനക്കാരന് ഒട്ടും മുഷിപ്പിച്ചിലുണ്ടാക്കാതെ ലേഖകന്‍ വിവരിക്കുന്നു.

ആംഗലേയത്തിന്റെ ജനനം, വളര്‍ച്ച, സ്വഭാവം, പെരുമാറ്റം, അതിലെ സന്ധിബന്ധങ്ങള്‍, പൂട്ടുകെട്ടുകള്‍, കടബാധ്യതകള്‍ ,ആഗോളസഞ്ചാരം മാതൃഭാഷയായ മലയാളവുമായുളള ചില ചാര്‍ച്ചകള്‍ ഇംഗ്ലീഷിന്റെ ഇന്ത്യനൈസേഷന്‍.... തുടങ്ങി നാനാവശങ്ങള്‍ , അവിടെങ്ങളിലെ കൌതുകങ്ങള്‍, കാഴ്ചകള്‍, എന്നിവ കണ്ടെത്തി നര്‍മ്മ രസികതയോടെ ആവിഷ്കരിക്കുന്നതാണീ കൃതി. ഇംഗ്ലീഷ് വിരുദ്ധനു പോലും ഇഷ്ടപ്പെട്ടു പോകുന്ന രീതിയും ഭാഷയിലും ആണു സുകുമാരന്റെ രചന.

ഇംഗ്ലീഷ് ഭാഷയിലെ നിത്യോപയോഗ പദങ്ങളില്‍ വലിയ ഒരു പങ്ക് ആംഗ്ലോ സാക്സണ്‍ വര്‍ഗങ്ങളുടെ സ്കാന്റിമനേമിയന്‍ പൈതൃകത്തില്‍ നിന്നു വന്നതാണത്രെ. Father, mother, wife, husband, man, Grand, land , tree, life , talk , summer ,winter ,calf തുടങ്ങിയ നാമങ്ങള്‍ tring , come, put, cut, meet,sit ..... തുടങ്ങിയ ക്രിയാ പദങ്ങള്‍ of, to, by, for, from, in ,at , on , under തുടങ്ങിയ ഉപസര്‍ഗാവ്യയങ്ങള്‍ (Pre -postion ) and , but ,id , then, too ,തുടങ്ങിയ സംയോജകാവ്യയങ്ങള്‍ (Conjuction ) here ,where, there, when,how എന്നീയ ക്രിയാ വിശേഷണങ്ങള്‍ ( adverb ) തുടങ്ങിയവയെല്ലാം സ്കാന്റിനേവിയന്‍ തറവാടില്‍ നിന്നും ഭാഗം കിട്ടിയ സ്വത്താണ്. തറവാട്ടു സ്വത്തിനെക്കാള്‍ കൂടുതല്‍ കൂടുതല്‍ തുടര്‍ന്നുളള സമ്പാദ്യങ്ങളാണ്. സമ്പാദനത്തിനു ഏതു മാര്‍ഗവും അവലംബിക്കുമെന്നതാണ് ഈ സ്ഥിരോത്സാഹിയുടെ പ്രത്യേകത.
ഇരക്കുക , കടംവാങ്ങുക , അല്ലെങ്കില്‍ മോ‍ഷ്ടിക്കുക (beg , borrow or steal )
എന്നത് പ്രായോഗിക വേദാന്തത്തിന്റെ പാഠങ്ങളിലൊന്നാണ് .ഈ പാഠം വേദാന്തത്തിന്റെ പാഠങ്ങളിലൊന്നാണ്. ഈ പാഠം പൂര്‍ണമായുള്‍ക്കൊണ്ട രസികന്‍ ഭാഷയത്രെ ഇംഗ്ലീഷ്. ആംഗലം ഒരു Kreptomaniac (ക്രെപ്റ്റോ മാനിയാക് ) ആണെന്നു Mario.Pei പറയുന്നു. ആരാന്റെ മേശപ്പുറത്ത് കാണുന്ന ഏതു വസ്തുവിനോടും കലശലായ കമ്പം തോന്നുക, ആരുമറിയാതെ അവയില്‍ ചിലതു സ്വന്തം പോക്കറ്റിലേക്കു സ്ഥലം മാറ്റുക എന്നതാണു Kreptomaniac ന്റെ രോഗലക്ഷണങ്ങള്‍. അങ്ങനെ മോഡണ്‍ ഇംഗ്ലീഷ് ശബ്ദകോശങ്ങളില്‍ തിക്കിത്തിരക്കുന്ന പദങ്ങള്‍ ഒരു മില്യണ്‍ കവിയുന്നു. ഇങ്ങനെ സമാഹരിക്കപ്പെടുന്നവയെ ഏകതാനതിയില്‍ സമീപിച്ച് വ്യവസ്ഥപ്പെടുത്തുക എന്ന വെല്ലുവിളിയാണു ഭാഷയുടെ സങ്കീര്‍ണത. ഇതുണ്ടാകുന്ന അവ്യവസ്ഥത പഠിതാവിനെ പീഡിപ്പിക്കുന്ന ഭാഷയെന്ന പഴികേള്‍ക്കാന്‍ ഇംഗ്ലീഷിനിടയാക്കി.

അവ്യവസ്ഥയുടെ ആംഗലം

വ്യവസ്ഥയുടെ ശൈഥില്യം ഉണ്ടാക്കുന്ന ബുദ്ധിമുട്ട് എങ്ങനെ പരിഹരിക്കാന്‍ പറ്റും? അവ്യവസ്ഥിത, ഘടന, അസ്ഥിര സ്വഭാവം എന്നിവയെ ഉദാഹരണസഹിതം പരിചയപ്പെടുത്തുകയായിരിക്കും അതിനുളള പരിഹാരം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുകയാണ്.

ബഹുവചന രൂപങ്ങളുണ്ടാക്കുന്നതിലെ ക്രമവും ക്രമവൈരുദ്ധ്യവും പരിചയപ്പെടുത്തുന്നത് ഗുണകരമായിരിക്കും boy- boys , king -kings എന്നിങ്ങനെ ബഹുത്വം കാണിക്കാം. eighty, country തുടങ്ങിയവയെ 'ies'ചേര്‍ന്നേ ബഹുവല്‍ക്കരിക്കാനൊക്കൂ. അതേ സമയം key,monkeyതുടങ്ങിയവ ബഹുത്വപ്പെടുന്നതാകട്ടെ keys , monkeys എന്ന രൂപത്തിലാണ്.

ക്രമ വിരുദ്ധ ബഹുവചനങ്ങള്‍ക്ക് (Irregular plural) പല രൂപങ്ങളും , വ്യവസ്ഥകളുമാണ് man -men woman- women ; foot- feet,tooth -teeth 'f ' അവസാനിക്കുന്ന leaf,half , knife -ഇവയിലെ 'f ' vesഎന്നു രൂപാന്തരപ്പെടുന്നു. എന്നാല്‍ roof , proof തുടങ്ങിയവയാട്ടെ 's' നെ കൂട്ടു പിടിച്ച് roofs , proofs എന്നിങ്ങനെയാണു പരിണാമിക്കുന്നത്.


കാഴ്ചയില്‍ ബഹുവചനമെന്നു തോന്നുന്ന ചില ഏകവചനങ്ങള്‍ ഉണ്ട്. News,Ethics, Politics , കോടതിയില്‍ നിന്നുളള കല്പന Summons ..... തുടങ്ങിയവ ഉദാഹരണങ്ങള്‍ , Scissors,Trousers തുടങ്ങിയവയ്ക്കു ഏകവചനമേയില്ല.

ഗ്രീക്ക് ,റോമന്‍ , ജര്‍മ്മന്‍ , ഫ്രഞ്ച് .... തുടങ്ങിയവ സകുടുംബക്കാരില്‍ നിന്നു മാത്രമല്ല പാവങ്ങളായ കോളനിവാസികളുടെ അല്പസമ്പാദ്യത്തില്‍ നിന്നും അപഹരിക്കുകയോ കടമെടുക്കുകയോ ചെയ്യും.
Bandicoot (ബ്യാന്‍ഡിക്കൂട്ട് ) എന്ന വിദ്വാന്‍ നമ്മുടെ സാക്ഷാല്‍ പെരുച്ചാഴി ആണ്. ഇതിന്റെ ഉത്ഭവം തെലുങ്ക് പദമായ പന്തിറക്കക്ക് ആണത്രെ. പുരിയിലെ ജഗന്നാഥനാണത്രെ guggernct ആയി മാറിയത്. ഹിന്ദുസ്ഥാനിയിലെ സിപാഹി അല്പം ശീമവല്‍ക്കരിച്ച് Sepoy ആക്കി . നമ്മുടെ ഒന്നാം സ്വാതന്ത്ര്യസമരം ആംഗലര്‍ക്ക് sepoymutiny ആയിരുന്നല്ലോ?

ഇംഗ്ലീഷിന്റെ ഇന്ത്യന്‍ നിറഭേദങ്ങള്‍

നല്ല Humour sense ഓടെയാണു സുകുമാരന്റെ സമീപനം . IMFL ( Indian Made Foreign Liquor) ഈ നാടന്‍ സായ്പിന്റെ ജനപ്രിയത അറിയാന്‍ ബിവറേജു കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകള്‍ക്ക് മുമ്പിലെ നീണ്ട മനുഷ്യച്ചങ്ങല കണ്ടാല്‍ മതി. അതുപോലെ മറ്റൊരു IMFL പരിചയപ്പെടുത്തുന്നു അദ്ദേഹം അതാണ് Indian made foreign language ഏറെ കൌതുകം ഉണര്‍ത്തുന്നതാണീ ചിന്ത. ഇതിനെ ഇന്ത്യന്‍ ഇംഗ്ലീഷ് എന്ന് അല്പം പുച്ഛത്തോടെ വ്യവഹരിക്കാറുണ്ടെങ്കിലും ഇവന്‍ അത്ര കുഴപ്പക്കാരനല്ല എന്നാണു ലേഖകന്റെ മതം .
English Indianise ചെയ്യപ്പെടുന്നതിന്റെ നല്ല നല്ല ഉദാഹരണങ്ങള്‍ നിരത്തുകയാണിവിടെ.

ഗ്രന്ഥകാരന്റെ ഭാഷയില്‍ രണ്ടുദാഹരണങ്ങള്‍ കാണാം. “There was pin-drop silence in the auditorium when the award winner rose to speak (അവാര്‍ഡു ജേതാവു പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ കൊട്ടകയില്‍ സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയായിരുന്നു. ) എന്ന് നിങ്ങളുടെ സ്വന്തം ലേഖകന്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ ശ്രീമാന്‍ ഉപയോഗിക്കുന്നത് എലിസബത്ത് രാജ്ഞിയുടെ ഇംഗ്ലീഷല്ല പത്തരമാറ്റുളള ഇന്ത്യന്‍
ഇംഗ്ലീഷാകുന്നു. Pindrop എന്ന വര്‍ണശബളമായ യുഗ്മം ആയമ്മയുടെ ഇംഗ്ലീഷല്ല. Such a silence prevailed that even the droping of a pin could be heard എന്ന ആശയത്തെ കഷായം വറ്റിക്കുന്ന പോലെ വറ്റിച്ചെടുത്ത് ഒരു പ്രയോഗമായി കുറുക്കുകയാണ് നാം ചെയ്തത്. അതുപോലെ I dont know what to do for time pass ( സമയം കൊല്ലാന്‍ എന്തുചെയ്യണമെന്ന് ഒരു രൂപമില്ല ) ഈ വാചകത്തിലെ time-pass -a way to pass time എന്ന ആശയത്തെ ആറ്റിക്കുറുക്കി time pass എന്ന ഗുളികയാക്കുകയാണുണ്ടായത്. ഇതുപോലെ തന്നെ നമ്മുടെ വക്രീകൃത രചനാരീതിയും ഏകവചനനാമങ്ങളെ ബഹുവചന രൂപമായുപയോഗിക്കുന്നതുമൊക്കെ നര്‍മ്മരസം തുളുമ്പുമാറ് ലേഖകന്‍ ഉദാഹരിക്കുന്നുണ്ട്.

ഇങ്ങനെ അമ്പത്തേഴു ചെറുലേഖനങ്ങളുടെ സമാഹാരമാണീ പുസ്തകം . ഇംഗ്ലീഷിനെ വരുതിയിലാക്കാന്‍ കൊതിക്കുന്നവര്‍ക്ക് ഇത് കൈപ്പുസ്തകം തന്നെ. ആഗോളവലിപ്പമാര്‍ന്ന വിശ്വഭാഷയെ കരതലാമാലകം പോലെ കൈകാര്യം ചെയ്യാന്‍ നിപുണനാണു ഗ്രന്ഥകര്‍ത്താവെന്ന് പുസ്തകം വിളംബരം ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ