പുസ്തക പരിചയം
ടാഗോറിന്റെ കഥാരത്നങ്ങള്‍
പരിഭാഷ : ആര്‍.സി ശര്‍മ്മ
തയ്യാറാക്കിയത്
കെ.കെ. സന്തോഷ് കുമാര്‍
ലക്ചറര്‍ ഡയറ്റ് കണ്ണൂര്‍
രവീന്ദ്രനാഥ ടാഗോര്‍ വിശ്വമഹാകലാകാരന്മാരുടെ ഇടയില്‍ ചിരപ്രതിഷ്ഠ നേടിയ സാഹിത്യകാരനാണ്. ഭാവഗീതം, നോവല്‍, ചെറുകഥ, ഗദ്യപദ്യനാടകങ്ങള്‍ , സംഗീത ഉപന്യാസങ്ങള്‍ എന്നിങ്ങനെ അദ്ദേഹം വ്യാപരിക്കാത്തതായ മേഖലകളില്ല. കവി എന്ന നിലയില്‍ പരമോന്നതമാണ് അദ്ദേഹത്തിന്‍റെ സ്ഥാനം. ആറുദശകത്തിലധികം വ്യാപിച്ചു നില്‍ക്കുന്ന കലാപ്രവര്‍ത്തനത്തില്‍ ഒരിക്കലും ക്ഷീണിക്കാത്തവണ്ണം പ്രബലവും സ്ഥിരവുമായിരുന്നു അദ്ദേഹത്തിന്‍റെ സര്‍ഗ്ഗപരത. ടാഗോറിന്‍റെ കൃതികളുടെ ആഴവും വ്യാപ്തിയും അദ്ദേഹത്തിന്‍റെ സമ്പന്നവും സമുന്നതവുമായ വ്യക്തി വൈശിഷ്ഠ്യത്തിന്‍റെ ആവിഷ്കാരമാണെന്ന് കരുതുന്നതില്‍ തെറ്റില്ല.
ടാഗോറിന്റെ ചെറുകഥകളെ കുറിച്ച് പഠിക്കുകയാണെങ്കില്‍ ഈ രംഗത്ത് അദ്ദേഹത്തിന് മുന്‍ഗാമികളായി ബംഗാളില്‍ ആരുമുണ്ടായിരുന്നില്ല എന്നു കാണാം. ടാഗോറിന്‍റെ കഥാരത്നങ്ങള്‍ എന്ന സമാഹാരത്തില്‍ കാബൂളിവാല അടക്കം 21 കഥകളാണ് ഉള്‍ചേര്‍ത്തിരിക്കുന്നത്. ഇതിലെ ആദ്യത്തെ കഥയായ തപാല്‍ മാസ്റ്റര്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്: ٹ'അയാള്‍ ആദ്യമായി ഉദ്യോഗത്തില്‍ പ്രവേശിച്ചതു തന്നെ ഉലാപുരത്തെ തപാല്‍ മാസ്റ്റര്‍ ആയിട്ടാണ്. പറയത്തക്ക പ്രാധാന്യമൊന്നുമില്ലാത്ത ഒരു കുഗ്രാമമാണത്.. .. .. .. ഒരു തനി കല്‍ക്കത്താക്കാരനായ നമ്മുടെ തപാല്‍ മാസ്റ്റര്‍ക്ക് നഗരം വിട്ടു നാട്ടുപുറത്തെത്തിയപ്പോള്‍ വെള്ളത്തില്‍ നിന്ന് കരയിലെടുത്തിട്ട മത്സ്യത്തിനെന്നപോലെ വീര്‍പ്പുമുട്ടലുണ്ടായി' കഥാപാത്രത്തിന്‍റെ സാമൂഹികവും മനശാസ്ത്രപരവുമായ തെളിഞ്ഞ ചിത്രം ഏതാനും വരികളിലൂടെ വായനക്കാരന്‍റെ ഉളളിലേക്ക് പ്രവേശിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നുണ്ട് ഇവിടെ.
മൃണ്മയി ആര്‍ക്കും മെരുങ്ങാത്ത താന്തോന്നി പെണ്ണിന്‍റെ നിലയില്‍ നിന്ന് മൃദുലമതിയും സ്നേഹമയിയുമായി പരിണമിക്കുന്നതിന്‍റെ നേരനുഭവം 'പര്യാവസാന'ത്തില്‍ കാണാം. അമാനുഷികത്വത്തിന്‍റെ സ്പര്‍ശമുളള മൂന്നു കഥകളാണ് 'വിശന്നകല്ലുകള്‍, അര്‍ദ്ധ രാത്രിയില്‍, മാസ്റ്റരദ്ദേഹം എന്നിവ. അതിഥിയിലെ താരാപദന്‍ ടാഗോറിന്‍റെ അവിസ്മരണീയ സൃഷ്ടികളില്‍ ഒന്നാണ്. താനുമായി പരിചയപ്പെടാന്‍ ഇടയായവരെയെല്ലാം അവന്‍ ആകര്‍ഷിച്ചു.. എന്നാല്‍ സ്നേഹവും മമതയും സൗഹൃദവും തന്നെ കീഴടക്കി ബന്ധിച്ചിടുന്നതിനു മുമ്പ് ഒരു ദിവസം എങ്ങോട്ടെന്നാര്‍ക്കും പിടി കൊടുക്കാതെ അപ്രത്യക്ഷനാകുന്നു അവന്‍.
ടാഗോര്‍ കഥകളില്‍ ഏറ്റവുമധികം പ്രചാരം കാബൂളിവാല യ്ക്കാണെന്നതില്‍ തര്‍ക്കമില്ല ഉല്‍ക്കടമായ വികാര പാരവശ്യത്തോടെയല്ലാതെ ഇതു വായിച്ചു തീര്‍ക്കുവാന്‍ ആര്‍ക്കും കഴിയില്ല. ഇത്തരത്തില്‍ ഈ സമാഹാരത്തിലെ ഓരോ കഥയും ഓരോ നിലകളില്‍ വ്യത്യസ്തമാകുന്നു.
ഈ കഥകള്‍ ബംഗാളിയില്‍ നിന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നത് ആര്‍.സി ശര്‍മ്മയാണ്. സുപ്രസിദ്ധ ബംഗാളി നിരൂപകനായ സോമനാഥ മൈത്രിയുടെ ഉജ്ജ്വലമായ അവതാരിക ഈ സമാഹാരത്തിന് അലങ്കാരമായി നില കൊളളുന്നു. കേന്ദ്രസാഹിത്യ അക്കാദമിയാണ് ടാഗോറിന്‍റെ കഥാരത്നങ്ങള്‍ എന്ന സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ