VISIT NEW RESOURCE BLOG REFORM www.dietkannurresources.blogspot.in

2016, ജൂൺ 20, തിങ്കളാഴ്‌ച



വായനോത്സവം-  2016
 കവിതാസ്വാദനം
മഴയില്‍ക്കുരുത്തത്.......
                                                            എം.മധുസൂദനന്‍
                                                                         ലക്ചറര്‍ , ഡയറ്റ് കണ്ണൂര്‍   

       കവിത : 'മഴപ്പാറ്റകള്‍' റഫീക്ക് അഹമ്മദിന്റെ കവിത


   മണ്ണില്‍ വീണ് കരിഞ്ഞുമലിഞ്ഞും തീര്‍ന്നു പോവുന്ന പൂവിനെക്കുറിച്ചും ഉപ്പുതരിപോലെ ഇവിടെ അലിഞ്ഞുചേര്‍ന്ന സ്നേഹവാത്സല്യക്കടലിനെക്കുറിച്ചും നാം വായിച്ചിട്ടുണ്ട്. ഞെട്ടര്‍ന്ന് മണ്ണില്‍ വീണ പൂവിനെയും കഞ്ഞിയില്‍  വേണ്ടിത്തൂവുന്ന ഉപ്പുത്തരിയേയും ആസ്വാദകനഭസ്സിലെ സൂര്യചന്ദ്രന്മാരാക്കാന്‍ ഉത്തമകവിഹൃദയങ്ങള്‍ക്കേ  സാധിക്കുകയുളളൂ.

    റഫീക്ക്   അഹമ്മദിന്‍റെ 'മഴപ്പാറ്റകള്‍' മൂപ്പത്തിയൊന്നു വരികളില്‍ അത്യുന്നമായൊരു ജീവിത വീക്ഷണവും ആസ്വാദനവും നല്‍കുന്നുണ്ട്.
'ചിറകുവിടര്‍ത്തുമ്പോള്‍ പിച്ചകപ്പൂക്കള്‍ പോലെ' യുളള മഴപ്പാറ്റയുടെ ജന്മങ്ങളിലെക്ക് ശ്രദ്ധ നയിക്കുകയാണ് കവി. നമ്മുടെ  വിളക്കുകള്‍ക്കു കീഴില്‍ അസുന്ദരജന്മങ്ങളായിപ്പറന്നു വീണ്  ശല്യമായി മാറുന്ന മഴപ്പാറ്റകള്‍ അത്രമേല്‍ അസുന്ദരവും നിസ്സാരവുമാണോ? 
അല്ലെങ്കില്‍ ഏതാണ് ഉത്കൃഷ്ട ജന്മം -
          നീന്തുന്നത് ? ഇഴയുന്നത് ? നടക്കുന്നത്? പറക്കുന്നത് ? ..........
    'മഴപ്പാറ്റകള്‍ ഏതു വംശത്തില്‍ പിറന്നവര്‍' എന്ന ചോദ്യത്തിലാണ് കവിത തുടങ്ങുന്നത്. ശലഭം,കിളി,മത്സ്യം, പുഴു .... ഇങ്ങനെ വ്യത്യസ്ത ജീവിവര്‍ഗങ്ങളുളളതില്‍ മഴപ്പാറ്റയെ ഏതു വര്‍ഗത്തില്‍പെടുത്തും? മൂന്നു സന്ദര്‍ഭങ്ങളില്‍ ഈ ചോദ്യം ഉയര്‍ത്തുന്നുണ്ട്, കവി. ജന്തുശാസ്ത്രത്തോടും കാവ്യഭാവനയോടും പ്രപഞ്ചത്തോടു തന്നെയും ഈ കൊച്ചു കീടം ഏതു പട്ടികക്കളത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്.
 കളങ്ങള്‍ തിരിച്ചും മതിലുകള്‍ കെട്ടിയും ശീലിച്ചു പോയ നമുക്ക് ഈ ചോദ്യം അപരിചിതമാവില്ല. ഓരോന്നിനെയും ഓരോ വിഭാഗത്തില്‍പ്പെടുത്തിയേ മതിയാവൂ നമുക്ക് . ഇങ്ങനെ പ്രത്യേക കളങ്ങളിലൊന്നും തളയ്ക്കാന്‍പറ്റാത്ത ജന്മങ്ങളെക്കുറിച്ചും നമ്മേ ഓര്‍മ്മിപ്പിക്കുന്നുണ്ട് കവി.

         ' മണ്ണിലെ വരയിട്ട ജീവിതത്താളില്‍ നിന്ന്
          കുഞ്ഞുറുമ്പുകളാകും അക്ഷരക്കൂട്ടം പെട്ടെ
          ന്നെത്തിയ മഴതൊട്ട് കവിതയാകും പോലെ'- മഴപ്പാറ്റകള്‍

    മഴയും  ഈ കുഞ്ഞുപാറ്റയും തമ്മില്‍ അടുത്ത ബന്ധമുണ്ടല്ലോ. അക്ഷരങ്ങളെ കവിതയാക്കുന്നതിന് മഴയുടെ നനുത്ത സ്പര്‍ശം വേണം. ഒറ്റയൊറ്റ അക്ഷരങ്ങളായി നീങ്ങുന്ന കുഞ്ഞുറുമ്പുകള്‍ വലിയ  അര്‍ത്ഥബോധമൊന്നും   നിക്ഷേപിക്കാത്തവ; 
എത്ര പെട്ടെന്നാണ് മഴയുടെ മാന്ത്രിക സ്പര്‍ശത്താല്‍ കവിതയുടെ മോഹിനീരുപം ആര്‍ജിക്കുന്നത് ? ഭൂമിയാമളുക്കൂടഞ്ഞെമ്പാടും ചിതറിയ മണിമുത്തുകള്‍ മഴപ്പാറ്റകള്‍.
സാധാരണ മനുഷ്യന്‍റെ കണ്ണിലെ നിസ്സാരതകള്‍ കവിയുടെ കണ്ണില്‍ അങ്ങനെയല്ല. അവയെ മണ്ണിന്‍റെ മണിമുത്തുകളാക്കി മാറ്റാന്‍ കവിയുടെ സ്പര്‍ശമണിക്കു സാധ്യമാവും.

      ഒരു ജീവനും നിസ്സാരമല്ലെന്ന അറിവും പ്രവഞ്ചത്തോളം വാത്സല്യത്തുടിപ്പുമില്ലേ ഈ വരികളില്‍ എത്ര വലിയൊരു വര്‍ഷമായിരിക്കും കവിമനസ്സില്‍ പെയ്തിറങ്ങുന്നുണ്ടാവുക.....

         'എത്ര നാളുറക്കത്തില്‍,മണ്ണിന്‍റെ മരവിപ്പിന്‍‌
         പാതിമൃത്യുവില്‍ ,മറ്റൊരപരസ്വത്വക്കൂടില്‍ ..
         പിന്നെയൊരധോമുഖ മഴയില്‍
         കൈകാലുകളഴിഞ്ഞ് ,കടുപ്പങ്ങള്‍
         മാംസളമായി ,നൃത്തലോലമാം ചിറകായി
         മറ്റൊരു ജന്മത്തിലേക്കുളെളാരു പിറപ്പായി
         മഴപ്പാറ്റകള്‍ , ഏതൊരഗ്നിക്കു ജനിച്ചവര്‍'


     കുഞ്ഞു ജീവികളുടെ ജീവിതച്രകക്കറക്കം നാം കാണുന്നുണ്ട്. അറിയുന്നുണ്ട്. പാതിമൃത്യുവില്‍ നിന്ന് മറ്റു ജന്മങ്ങളിലൂടെ നൃത്തലോലമാം ചിറകോടെയുളള ഒരു ജന്മത്തിലെത്തുന്നു,മഴപ്പാറ്റ. 
ഈ കുഞ്ഞുജീവിക്കറിയുമോ കടന്നു പോയ... വരാനിരിക്കുന്ന ജന്മങ്ങളെ .
അതുപോലെ നാം, മറ്റൊരു ജന്മത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമൊന്നും ഒടുങ്ങാത്ത പരിണാമക്കണ്ണിയിലെ ഒരാംശം മാത്രമെന്നും ചിന്തിച്ചു പോകുന്നത് അഭംഗിയോ അയുക്തിയോ ആവുമോ?


   ഒരു ജന്മത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പറന്നു പോകുന്ന ജന്മങ്ങള്‍.
ദാഹത്തിനാലോ വിശപ്പിനാലോ മാത്രമല്ലാതെയും അവ പറക്കുയാണ് ,അഗ്നിയിലേക്ക്... മറു ജന്മങ്ങളിലേക്ക് 
ഏതോ തൃഷ്ണകളാല്‍ നയിക്കപ്പെടുന്ന മനുഷ്യനും ഈ ജീവിയും  തമ്മില്‍  ആന്ത്യന്തികമായി എന്തു വ്യത്യാസം?

        ' ദാഹത്താല്‍,വിശപ്പാലുമല്ലായി തീ നാളത്തില്‍
         വീണെരിയുവാന്‍ മാത്രമുളൊരു  കുതിപ്പായി
         ചിറകില്‍ കൂനയ്ക്കുളളില്‍ തന്‍ ചിറകന്വേഷിച്ചു
         പുഴുവിന്നിഴച്ചിലായ്,മന്ദവേഗമായ് , പിന്നെ
         ചാമ്പാലായ്, ചവറായ്ത്തീരുമീ മഴപ്പാറ്റ-
         യേതൊരു വംശക്കാരന്‍,
          ഏതൊരു   മതക്കാരന്‍'
       
   അഗ്നിയിലേക്കു കുതിക്കുമ്പോള്‍ ചിന്തിച്ചിരിക്കുമോ ചിറകുകള്‍ കരിഞ്ഞ്... ജന്മമേ കരിഞ്ഞ് തുലഞ്ഞുപോകുമെന്ന്. 
 മനുഷ്യന്‍ ഈ കുഞ്ഞുജീവിയോക്കാള്‍ എത്ര നിസ്സാരന്‍?! 
ഓരോദിനവും എത്രയെത്ര ആസക്തികളുടെ അഗ്നികുണ്ഡങ്ങളില്‍ പതിക്കുന്നു; പാവം! 
കരിഞ്ഞു പോകാതിരുന്നവ അറ്റുപോയ സ്വന്തംചിറകുകള്‍ തിരയുകയാണ്. 
സ്വന്തം കര്‍മ്മത്താല്‍തന്നെ ചിറകു നഷ്ടപ്പെടുകയും ഒടുവില്‍ ആ ചിറകു തേടിയുഴലുകയും ചെയ്യുന്ന വൈരുധ്യത്തിലെ ഫലിതം,ദയനീയത, നിസ്സാഹയത എന്നിവയും തീക്ഷ്ണമായി അവതരിപ്പിക്കാന്‍ കവിക്കു കഴിഞ്ഞിരിക്കുന്നു. 
പാഠങ്ങളില്‍ നിന്നു പഠിക്കാന്‍ വിമുഖരായ നാം ഏതു തമോഗര്‍ത്തങ്ങളിലാണ് വസിക്കുന്നത്?
ശലഭജന്മങ്ങളേയും കിളിജന്മങ്ങളേയും ഉത്കൃഷ്ടമായി കാണുന്ന നാം മണ്ണിലിഴഞ്ഞ് മാനത്തലഞ്ഞ്   അഗ്നിയില്‍ പൊലിഞ്ഞു പോവുന്ന മറ്റു ചില ജന്മങ്ങളെ കാണാതെ പോവുന്നുണ്ട്.

  പ്രകടനപരതയുടെയും  ബഹളങ്ങളുടെയും ലോകത്ത് അവയൊന്നുമില്ലാതെ നിസ്സ്വാര്‍ത്ഥമായി ജീവിച്ച് സ്വജീവിതവും അന്യജീവിതവും  ധന്യമാക്കുന്ന ജീവിതങ്ങളെ കാണാന്‍ നാം മറന്നു പോകാറുണ്ട്. അവയും തികച്ചും പ്രസക്തമായ ജീവിതം തന്നെയാണെന്ന് കവി ദ്യോതിപ്പിക്കുന്നു, മഴപ്പാറ്റകളിലൂടെ.

  വേലിക്കെട്ടുകളില്ലാത്തൊരു ലോകത്തിന്റെ സമഗ്രതയും സൌന്ദര്യവും  
നിസ്സാരങ്ങളെന്നു കരുതുന്നവയില്‍ നിന്നും സാരം കടഞ്ഞെടുക്കാനാവുമെന്ന ദര്‍ശനവും 
ഈ കവിതയെ   സാരവത്താക്കുന്നുണ്ട്. 




മഴപ്പാറ്റകള്‍

കവിത                                                                                                                 റഫീക്ക്അഹമ്മദ്

മഴപ്പാറ്റകള്‍ ഏതുവംശത്തില്‍ പിറന്നവര്‍
ശലഭ‍ങ്ങള്‍ തന്‍ പുഷ്പവംശത്തില്‍, കിളികള്‍ തന്‍
സ്വപ്നവംശത്തില്‍, മത്സ്യജലവംശത്തില്‍, വെറും
പുഴുവിന്‍ മണ്‍വംശത്തില്‍?

ചിറകുവിടര്‍ത്തുമ്പോള്‍ പിച്ചകപ്പൂക്കള്‍ പോലെ.
മഴയും മണ്ണും തമ്മില്‍,നടന്ന പ്രാചീനമാം
തീയുടമ്പടിയിലെ കയ്യൊപ്പ് പറക്കും പോല്‍
ജഡജീവന്മാര്‍ തമ്മിലേര്‍പ്പെട്ട കരാറിലെ
പ്രണയോന്മാദത്തിന്‍ നഗ്നമാം കിതപ്പുപോല്‍
മണ്ണിലെ വരയിട്ട ജീവിതത്താളില്‍  നിന്ന്
കുഞ്ഞെറുമ്പുകളാകുമക്ഷരക്കൂട്ടം പെട്ടെ-
ന്നെത്തിയ മഴ തൊട്ട് കവിതയാകമ്പോലെ.
ഭൂമിയാമളുക്കുടഞ്ഞെമ്പാടും ചിതറിയ
മണിമുത്തുകള്‍ പോലെ.

എങ്കിലുമവയേതു വംശത്തില്‍ പെടുന്നവര്‍?
ജന്തുശാസ്ത്രമേ, കാവ്യഭാവനേ, പ്രപഞ്ചമേ
ഇക്കൊച്ചുകീടം പെടും പട്ടികക്കളമേതോ

എത്രനാളുറക്കത്തില്‍, മണ്ണിന്റെ മരവിപ്പില്‍
പാതിമൃത്യുവില്‍,മറ്റൊരപരസ്വത്വക്കൂടില്‍-
പിന്നെയൊരധോമുഖമഴയില്‍
കൈകാലുകളഴിഞ്ഞ്, കടുപ്പങ്ങള്‍
മാംസളമായി, നൃത്തലോലമാം ചിറകായി
മറ്റൊരു ജന്മത്തിലേക്കുള്ളൊരു പിറപ്പായി
മഴപ്പാറ്റകള്‍ ഏതൊരഗ്നിക്കു ജനിച്ചവര്‍?

ദാഹത്താല്‍, വിശപ്പാലുമല്ലയീ തീനാളത്തില്‍
വീണെരിയുവാന്‍ മാത്രമുള്ളൊരു കുതിപ്പായി
ചിറകിന്‍ കൂനയ്ക്കുള്ളില്‍ തന്‍ ചിറകന്വേഷിച്ചു
പുഴുവിന്നിഴച്ചിലായ്, മന്ദവേഗമായ്, പിന്നെ
ചാമ്പലായ്, ചവറായിത്തീരുമീ മഴപ്പാറ്റ-
യേതൊരു വംശക്കാരന്‍,
ഏതൊരു മതക്കാരന്‍.



   

 


3 അഭിപ്രായങ്ങൾ: